Lionel Messi, PSG, Argentina, Inter Miami, US
x
File photo: Twitter/PSG

മെസ്സിയും കൂട്ടുകാരും മയാമി കീഴടക്കുമോ ?


‘ആർക്കറിയാം വരും വർഷങ്ങളിൽ നിങ്ങളെന്നെ വിളിക്കില്ലെന്ന് ‘ – 2018 ൽ മേജർ ലീഗ് സോക്കറിൽ ഇരുപത്തിഒമ്പതാമത്തെ ക്ലബായി പ്രവേശനം ലഭിച്ചപ്പോൾ ഇന്‍റെര്‍ മയാമിയുടെ ഉടമകളിലൊരാളായ ഡേവിഡ് ബേക്കാമിന് അയച്ച വിഡിയോ സന്ദേശത്തിൽ ഇങ്ങനെയാണ് മെസ്സി പറഞ്ഞു നിർത്തിയിരുന്നത്. ഇതൊരു വെറും വാക്കല്ലെന്ന് പിന്നീടുള്ള വർഷങ്ങളിൽ വ്യക്തമാവുകയും ചെയ്തിരുന്നു. ബാഴ്‌സലോണയിലുള്ളപ്പോഴും ക്ലബ് വിട്ടപ്പോഴുമെല്ലാം ബെക്കാം മെസ്സിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു. യൂറോപ്പിൽ നിന്ന് പോകുന്നില്ലെന്ന നിലപാടിലായിരുന്നതിനാൽ മെസ്സി ആ ക്ഷണം സ്വീകരിച്ചില്ലെന്ന് മാത്രം. കഴിഞ്ഞ മാസം തന്‍റെ കൂടി മുന്‍ ക്ലബായ പി എസ് ജി സന്ദർശിച്ചപ്പോളും ഫ്രഞ്ച് മാധ്യമങ്ങൾ ബെക്കാമിനോട് മെസ്സിയെ കൂട്ടുന്നുണ്ടോ എന്ന ചോദ്യം ചോദിച്ചിരുന്നു, അപ്പോൾ ചിരിച്ചൊഴിയുകയായിരുന്നു ഡേവിഡ്. ഒടുവിൽ ജൂൺ 8 ന് താൻ ഇന്‍റെര്‍ മയാമിയിലേക്ക് പോവുകയാണെന്ന് മെസ്സി പ്രഖ്യാപിക്കുന്നതോടെ ഡേവിഡ് ബേക്കാമിന്‍റേയും എം എൽ എസ് മാനേജുമെന്‍റേയും നിരന്തര പരിശ്രമം കൂടിയാണ് വിജയത്തിലെത്തിയിരിക്കുന്നത്. എന്തായിരിക്കാം മെസ്സിയെ അമേരിക്കയിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക ?

ലോകകപ്പിന് ശേഷം

2022 ഡിസംബർ 18 ന് ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ലോകകപ്പ് ഉയർത്തിയതിനു ശേഷം തിരിച്ച് ഫ്രാൻസിലെ കളിക്കളത്തിലെത്തിയ ലിയൊണെൽ മെസ്സിയിൽ പ്രകടമായ വ്യത്യാസം ശ്രദ്ധിക്കാത്തവരുണ്ടാവില്ല. ഫ്രാൻസിലെ ആദ്യ സീസണിൽ തീർത്തും നിറം മങ്ങിപ്പോയ മെസ്സി ലോകകപ്പിന് മുമ്പ്, ലീഗാൺ സീസണിന്‍റെ തുടക്കത്തിൽ അത്യുജ്ജ്വലമായ ഫോമിലേക്ക് തിരിച്ചുവന്നത് വലിയ പ്രതീക്ഷയോടെയാണ് ഫൂട്‌ബോൾ പ്രേമികൾ കണ്ടിരുന്നത്. ആ ഫോമിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്ന മെസ്സിയെയാണ് ലോകകപ്പ് വേളയിൽ നാം കണ്ടത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റിട്ടും ‘ഞങ്ങളിൽ വിശ്വാസമർപ്പിക്കൂ, ഈ ടീം നിങ്ങളെ നിരാശപ്പെടുത്തില്ല’ എന്ന് ഉറപ്പിച്ചു പറയാൻ മാത്രം ചങ്കുറപ്പുകാട്ടുന്ന നായകനിലേക്കുള്ള മെസ്സിയുടെ വളർച്ചയെ അത്ഭുതത്തോടെയാണ് ആരാധകർ പോലും കണ്ടത്. അതുവരെ കാണാത്തവിധം ആവേശഭരിതമായ ശരീരഭാഷയിലാണ് പിന്നീട് മെസ്സിയെ കാണുന്നത്. അത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ്രാൻസ് – അർജന്‍റീന മത്സരത്തിന്റെ നൂറ്റി മുപ്പത്തിമൂന്നാമത്തെ മിനിറ്റ് വരെ നീണ്ടു നിൽക്കുകയും ചെയ്തു. എന്നാൽ ലോക ചാംപ്യനായതിനു ശേഷം ഫ്രാൻസിൽ തിരിച്ചെത്തിയ മെസ്സി, പക്ഷെ അവിശ്വസനീയമാം വിധം അവനവനിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്. ഫൈനലിൽ ഫ്രാൻസുമായും സഹതാരമായ കിലിയൻ എംബാപ്പെയുമായും ഏറ്റുമുട്ടേണ്ടി വന്നതും പിന്നീട് പി എസ് ജി ആരാധകരുടെ വിരോധത്തിന് പാത്രമായതുമെല്ലാം ഇതിന് കാരണങ്ങളായിരിക്കാം. നെയ്മറും എംബാപ്പെയും ഇക്കാലയളവിൽ ഫോമിൽ നിന്ന് പുറകോട്ടു പോയെങ്കിലും മെസ്സിയുടെ തിളക്കക്കുറവാണ് കാര്യമായി ശ്രദ്ധിക്കപ്പെട്ടത്.
സീസൺ അവസാനിക്കുമ്പോൾ, താനിനി ഫ്രാൻസിൽ തുടരുന്നില്ലെന്നും ബാഴ്‌സലോണയിലേക്ക് പോകാനാവാത്ത സാഹചര്യത്തിൽ യൂറോപ്യൻ ഫൂട്‌ബോൾ തന്നെ അവസാനിപ്പിക്കുകയാണെന്നും മെസ്സി പറയുമ്പോൾ കഴിഞ്ഞ ആറുമാസത്തെ അയാളുടെ മനോനില ഏതാണ്ട് വ്യക്തമാവുന്നുണ്ട്. ഇന്‍റെര്‍മയാമിയിലേക്കുള്ള നീക്കം വ്യക്തമാക്കിക്കൊണ്ട് സ്പാനിഷ് പ്രസിദ്ധീകരണമായ മുൻഡോ ഡിപോർട്ടിവോക്ക് നൽകിയ അഭിമുഖത്തിലും പതിവിനു വിപരീതമായി വളരെ വ്യക്തതയോടെ സംസാരിക്കുന്ന മെസ്സിയെയാണ് കാണാൻ കഴിഞ്ഞത്.

‘ഇനി ശ്രദ്ധാകേന്ദ്രമാകാനില്ല’

‘ഈ നിമിഷം എനിക്ക് ലേകശ്രദ്ധയിൽ നിന്ന് മാറി നിൽക്കണമെന്നാണ് ആഗ്രഹം, കുടുംബത്തിൽ ശ്രദ്ധയൂന്നണം. കഴിഞ്ഞ രണ്ട് വർഷങ്ങൾ അവരെ സംബന്ധിച്ചിടത്തോളം വളരെ മോശമായിരുന്നു. ഏറെ ആഗ്രഹിച്ചതായിരുന്നു ലോകകപ്പ് നേട്ടം, ഇനി അൽപം മനസ്സമാധാനമാണ് വേണ്ടത്. ലോകകപ്പിന്‍റെ ആ ഒരു മാസം അതി ഗംഭീരമായിരുന്നു എന്നതൊഴിച്ചാൽ കഴിഞ്ഞ ഏതാനും മാസങ്ങൾ വളരെ പ്രയാസകരമായിരുന്നു. പാരീസിൽ ഞാൻ ഒട്ടും സന്തുഷ്ടനായിരുന്നില്ല, അവിടുത്തെ ജീവിതം ആസ്വദിച്ചതേയില്ല എന്നു തന്നെ പറയാം. അത് കുടുംബജീവിതത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. ഇനി കുറച്ചു നാൾ സമാധാനത്തോടെ കുടുംബത്തോടൊപ്പം, കുട്ടികളോടൊപ്പം കഴിയണം’ അമേരിക്കയിലേക്കു പോകാനുള്ള കാരണം ഫൂട്‌ബോളേ അല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു മെസ്സിയുടെ വാക്കുകൾ. ബാഴ്‌സലോണ ക്ലബിലെ ആന്തരിക വൈരുദ്ധ്യങ്ങൾ പുറത്തുവരാതിരിക്കാനും മെസ്സിയെ കൊണ്ടുവരാൻ കഴിയാത്തതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്നൊഴിയാനുമുള്ള ശ്രമം പ്രകടമാണെങ്കിലും ചാവി എർണാണ്ടസിന്‍റെ വാക്കുകളിലും പ്രതിഫലിച്ചത് മെസ്സിയുടെ മനോനില തന്നെയാണ്.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെസ്സിയിൽ ഒരു മാറ്റം കാണാനുണ്ടായികരുന്നു. ജനശ്രദ്ധയിൽ നിന്ന് മാറിനിൽക്കാനുള്ള ത്വര അയാളിൽ കൂടി വരുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്, അയാളുടെ സ്ഥാനത്ത് നമ്മളെ സങ്കൽപിച്ച് നോക്കിയാൽ മതി. കഴിഞ്ഞ രണ്ട് കൊല്ലം അൽപം പോലും സന്തോഷിച്ചിട്ടില്ലെന്ന് മെസ്സി പറയുമ്പോൾ എനിക്കത് നന്നായി മനസ്സിലാവും’ ചാവിയുടെ വാക്കുകളിൽ ബാഴ്‌സ മാനേജരേക്കാളും മെസ്സിയുടെ മുതിർന്ന സുഹൃത്തിനെയാണ് വായിക്കാനാവുക.

മേജർ സോക്കർ ലീഗിലെ മിന്നും താരം

ഇവിടെയാണ് മേജർ ലീഗ് സോക്കറും ഡേവിഡ് ബേക്കാമും അവരുടെ ക്ഷണവും പ്രസക്തമാവുന്നത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന 2024 ലെ കോപ്പ അമേരിക്ക ടൂർണമെന്‍റും ഒരു പക്ഷെ 2026 ലെ ലോകകപ്പും തന്നെ ലക്ഷ്യമിട്ട് മെസ്സിക്ക് ആസ്വദിച്ച് കളിക്കാനും സമ്മർദ്ദമില്ലാതെ ജീവിക്കാനുമുള്ള സാഹചര്യമാണ് മയാമിയിലുള്ളത്. അവിടുത്തെ സ്പാനിഷ് സമൂഹവും ഭാര്യ ആന്‍റൊനെല്ലയുടേയും കുട്ടികളുടേയും താൽപര്യങ്ങളും അതിന് ആക്കം കൂട്ടുകയും ചെയ്തിരിക്കാം. പണമല്ല തന്നെ നയിക്കുന്നതെന്നും അതായിരുന്നെങ്കിൽ സൗദി അറേബ്യയിലേക്ക് പോകുമായിരുന്നല്ലോ എന്ന് മെസ്സി പറയുന്നതും ഇക്കാരണത്താതാലാണ്. ജൂൺ എട്ടിന് വൈകുന്നേരം മെസ്സി ആ പ്രഖ്യാപനം നടത്തുന്നതു വരെ ഡേവിഡ് ബേക്കാമായിരുന്നു എം എൽ എസ് കണ്ട ഏറ്റവും മൂല്യമുള്ള താരം. മെസ്സിയുടെ പ്രഖ്യാപനത്തോടെ മേജർ സോക്കർ ലീഗിന്‍റെ ചരിത്രം തന്നെ മാറി മറിയുകയാണ്. ലോകകപ്പിന് മുന്നോടിയായി അമേരിക്കൻ ഫൂട്‌ബോളിന് കിട്ടാവുന്ന ഏറ്റവും മികച്ച ഉത്തേജനമാണ് മെസ്സി നൽകിയിരിക്കുന്നത്. ബേക്കാമിന് പുറകെ ലീഗിലേക്ക് വന്ന സ്ലാറ്റാൻ ഇബ്രാഹിമോവിച്ചും തിയൊറി ഒൻ റിയും റോബ് കീനും, ലാൻഡൻ ഡോണൊവാനുമെല്ലാം ലോണിൽ യൂറോപ്പിലേക്ക് തിരിച്ചു പോയിരുന്നത് ചൂണ്ടിക്കാട്ടി, മെസ്സിക്ക് ബാഴ്‌സക്കുവേണ്ടി ചാംപ്യൻസ് ലീഗ് കളിക്കാൻ ഇനിയും അവസരമുണ്ടെന്ന് സ്വപ്‌നം കാണുന്നവരും കുറവല്ല. മുൻ ഇംഗ്ലീഷ് നായകൻ ഗാരി ലിനേക്കർ ഉൾപ്പെടെ മെസ്സിയെ സ്‌നേഹിക്കുന്ന പലരും ഈ പ്രത്യാശ പങ്കുവക്കുന്നുമുണ്ട്.

ഇന്‍റെര്‍ മയാമിയും ബേക്കാമും തുടക്കം മുതൽ തന്നെ മെസ്സിയുടെ വരവ് സ്വപ്‌നം കണ്ടാണ് ടീമിനെ രൂപപ്പെടുത്തിയിരുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമേയില്ല. ക്ലബ് മാനേജു ചെയ്യാനായി ബേക്കാം തെരഞ്ഞെടുത്തിട്ടുള്ളവരേറെയും മെസ്സിയുമായി അടുപ്പമുണ്ടായിരുന്നവരാണ്. ബാഴ്‌സയിലുണ്ടായിരുന്ന ചാവി അസെൻസിയാണ് അവരുടെ ചീഫ് ബിസിനസ്സ് ഓഫീസർ. സീനിയർ വൈസ് പ്രസിഡന്‍റായി വിക്തർ ഒലീവറിനെ കൊണ്ടുവന്നിട്ടുള്ളതും ബാഴ്‌സയിൽ നിന്നു തന്നെ. ഇപ്പോഴിതാ ജെറാർദോ മാർതീനോയെ കോച്ചായി നിയമിക്കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്. ലോകകപ്പിൽ മെക്‌സിക്കോയെ പരിശീലിപ്പിച്ച താത്താ മാർതീനോ മുമ്പ് ബാഴ്‌സയിലും അർജന്‍റീനയിലുമായി അറുപത്തിയാറ് മത്സരങ്ങളിൽ മെസ്സിയുടെ കോച്ചായിരുന്നിട്ടുണ്ട്.

അതേ സമയം കളിക്കളത്തിൽ മയാമിയുടെ സ്ഥിതി പരിതാപകരമാണെന്ന് പറയാതിരക്കാനാവില്ല. കിഴക്കൻ മേഖലാ മത്സരങ്ങളിൽ 15 പോയിന്‍റുമായി പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് അവരിപ്പോഴുള്ളത്. പ്രമുഖ കളിക്കാരുടെ പരുക്കും കോച്ച് ഫിൽ നെവിലും മാനേജുമെന്‍റുമായുള്ള തർക്കങ്ങളുമെല്ലാം കാരണമായി പറയാമെങ്കിലും തുടങ്ങിയിട്ടിന്നേ വരെ ബേക്കാമിന്‍റെ പ്രസിദ്ധിക്കോ പ്രതിഭക്കോ ഒത്ത പ്രകടനം ക്ലബിന് നടത്താനായിട്ടില്ലെന്നതാണ് വസ്തുത.

ഇന്നേവരെയുള്ള തന്‍റെ കായിക ജീവിതത്തിൽ റൊണാൾഡീഞ്ഞോ മുതൽ നെയ്മറും എംബാപ്പെയും വരെയുള്ള അതികായർക്കൊപ്പം കളിച്ചു പരിചയിച്ചിട്ടുള്ള മെസ്സിയെ സംബന്ധിച്ചിടത്തോളം രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഉള്ള, അധികമൊന്നും അറിയപ്പെടാത്ത കളിക്കാർക്കൊപ്പം കളത്തിലിറങ്ങുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. അർജന്‍റീന ദേശീയ ടീമിലെ യുവനിരക്കൊപ്പം കളിച്ച് ലോകകപ്പ് നേടിയിട്ടുള്ള അനുഭവം അതിന് മെസ്സിക്ക് കരുത്തേകും എന്ന് ബേക്കാമെങ്കിലും കരുതുന്നുണ്ടാവണം. വെനിസ്വേലയുടെ യോസഫ് മാർതീനെസ്, അമേരിക്കയുടെ ഡിആന്ദ്രേ യെദ്‌ലിൻ, മെക്‌സിക്കോയുടെ റൊദോൾഫോ പിസ്സാരോ, ഇക്വഡോറിന്‍റെ ലിയോ കംപാന, കാനഡയുടെ കമാൽ മില്ലർ എന്നിവരാണ് മയാമിയിൽ കളിക്കുന്ന രാജ്യാന്തര പരിചയമുള്ള കളിക്കാർ. പടിയിറങ്ങിയ കോച്ച് ഫിൽ നെവിലിന്‍റെ മകൻ ഹാർവി, ബേക്കാമിന്‍റെ മകനും മെസ്സിയുടെ കടുത്ത ആരാധകനുമായ റോമിയോ, അർജന്‍റൈൻ – അമേരിക്കൻ പ്രതിഭാസം എന്ന് കളിയെഴുത്തുകാർ വാഴ്ത്തുന്ന ബെന്യമിൻ ക്രെമാഷി എന്നവരടങ്ങുന്ന യുവ നിരയും മെസ്സിയെ കാത്തിരിപ്പുണ്ടാകും.

മെസ്സിയുടെ ചങ്ങാതിക്കൂട്ടം

ഒപ്പം തന്നെ മെസ്സിക്ക് താൽപര്യമുള്ള ഏതാനും കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമവും മയാമി നടത്തുന്നുണ്ടെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്‌സയിൽ നിന്ന് ഈ സീസണിൽ കളിയവസാനിച്ച സെർഹിയോ ബുസ്‌കെറ്റ്‌സ് , യോർദി ആൽബ, മെസ്സിയുടെ ആത്മ സുഹൃത്ത് ലൂയി സുവാരസ് എന്നിവരുമായി ക്ലബ് ഇതിനകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനായി ശമ്പളത്തുക കണ്ടെത്തുന്നതിന് ചില സങ്കീർണമായ കടമ്പകൾ ക്ലബിന് മറികടക്കേണ്ടതായി വരുമെന്നതാണ് ഏക പ്രശ്‌നം. ഇറ്റലിയിലെ യുവന്തസുമായുള്ള കരാർ അവസാനിക്കുന്ന അൻഹെൽ ഡി മരിയയും ലിയാന്ദ്രോ പരെദെസും കൂടി വരുന്ന സീസണിൽ മയാമിയിലെത്തുമെന്ന് കരുതുന്നവരും കുറവല്ല. മനപ്പൊരുത്തമുള്ളവർക്കൊപ്പം കളിക്കുമ്പോൾ ലിയൊണെൽ മെസ്സി മറ്റൊരു തലത്തിലേക്കുയരാറുണ്ടെന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. ബാഴ്‌സലോണയിലെ എം – എൻ – എസ് സുവർണകാലം അതിനുദാഹരണമാണ്. അത്തരത്തിലുള്ള ഒരു ചങ്ങാതിക്കൂട്ടത്തെ സ്വരുക്കൂട്ടാൻ ഇന്‍റെര്‍ മയാമിക്ക് കഴിഞ്ഞാൽ അമേരിക്കൻ ലീഗ് ഫൂട്‌ബോളിൽ അത്ഭുതങ്ങൾ സംഭവിച്ചേക്കാം.
മെസ്സിയുടെ വരവുകൊണ്ടുള്ള ഉണർവ് മയാമിയിൽ മാത്രം ഒതുങ്ങുകയുമില്ല. നിലവിൽ എം എൽ എസിൽ അത്‌ലാന്‍റ യുണൈറ്റഡ് ടീമിൽ കളിക്കുന്ന അർജന്‍റീനയുടെ ലോകകപ്പ് ജേതാവ് തിയാഗോ അൽമാദ ഉൾപ്പെടെയുള്ള യുവകളിക്കാരേയും മെസ്സിയുടെ സാന്നിധ്യം ഉത്സാഹഭരിതരാക്കുമെന്നുറപ്പാണ്.

മെസ്സി എന്ന് കളത്തിലിറങ്ങും ?

വരുന്ന ജൂലെെ 5 നാണ് എം എൽ എസിന്‍റെ ട്രാൻസ്ഫർ ജാലകം തുറക്കുക. ഉടനടി മെസ്സിയെ റജിസ്റ്റർ ചെയ്യാനായാൽ, ജൂലൈ 21 ന് ഇന്‍റെര്‍ മയാമിയുടെ പിങ്ക് കുപ്പായത്തിൽ മെസ്സി കളത്തിലിറങ്ങുന്നത് കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മെസ്സിയുടെ അഭിമുഖം പുറത്തുവന്നതിനു ശേഷമുള്ള രണ്ട് മണിക്കൂറിൽ തന്നെ മയാമിയുടെ അടുത്ത കളികളുടെ ടിക്കറ്റുകളെല്ലാം തീവിലക്ക് വിറ്റുപോയി എന്നത് അവരെ സംബന്ധിച്ചിടത്തോളം ആവേശകരമായ സൂചനയാണ്. ബാസ്‌കറ്റ്‌ബോളും ബേസ് ബോളും റഗ്ബിയും വാഴുന്ന അമേരിക്കന്‍ കായികലോകത്ത് ‘സോക്കറും’ സ്ഥാനമുറപ്പിക്കുന്ന കാലം ഒട്ടും വിദൂരമല്ലെന്ന് നിസ്സംശയം പറയാമെന്നർത്ഥം.

You can read this article’s English version here

Read More
Next Story