പന്തെടുക്കുക, മറിച്ചു കൊടുക്കുക – ബാഴ്‌സ ഫുട്‌ബോളിന്‍റെ തിരിച്ചുവരവ്

Barcelona-Xavier Hernández Creus-Xavi
It will be interesting to see how Xavi’s project develops in the coming years. Photo: Twitter

ഒരു ഫൂട്‌ബോള്‍ തത്വശാസ്ത്രത്തിന്‍റെ പ്രതീകമാണ് ആ ക്ലബ്. സത്യത്തില്‍ ഫൂട്‌ബോളെന്ന ആശയസംഹിത ബാഴ്‌സ എന്ന പ്രസ്ഥാനമായി പരിണമിക്കുകയായാരുന്നു.

യൊഹാന്‍ ക്രുയ്ഫ്

ബാഴ്‌സലോണ മാനേജരെന്ന നിലയിലുള്ള ചാവി ഹെര്‍ണാണ്ടസിന്‍റെ ആദ്യത്തെ മത്സരം 2021 നവംബര്‍ 20 ന് എസ്പന്യോളുമായിട്ടായിരുന്നു. ഡച്ച് താരം മെംഫിസ് ഡിപേയുടെ പെനാല്‍റ്റിയില്‍ ബാഴ്‌സ ആ കളി ജയിച്ചെങ്കിലും അവര്‍ക്ക് സന്തോഷിക്കാനുള്ള സീസനായിരുന്നില്ല അത്. ലാ ലീഗയിലെ കിരീട നഷ്ടത്തിനൊപ്പം ചാംപ്യന്‍സ് ലീഗിന്‍റെ നോക്കൗട്ടില്‍ പോലും എത്താതെ പുറത്താവുക എന്നത് ബാഴ്‌സയെ കാത്തിരുന്ന അനിവാര്യമായ ദുര്‍വിധിയായിരുന്നു. പിന്നീട് യൂറോപ്പ പ്ലേ ഓഫിലും മാന്‍ചെസ്റ്റര്‍ യുണൈറ്റഡിനോട് തോല്‍ക്കാനായിരുന്നു മെസ്സിയില്ലാത്ത ബാഴ്‌സയുടെ നിയോഗം. അല്ലെങ്കിലും ലിയൊണെല്‍ മെസ്സി തന്‍റെ കരിയറില്‍ യൂറോപ്പ ലീഗ് കളിച്ചിട്ടില്ലല്ലോ!

എന്നാല്‍ ആദ്യഘട്ടത്തിലെ തിരിച്ചടികള്‍ മറികടന്നുകൊണ്ട്, ടീം ഏറ്റെടുത്ത് ഒന്നരക്കൊല്ലമാവുമ്പോഴേക്കും ക്ലബിനെ തിരികെ ലാ ലീഗ ചാംപ്യന്‍ പദവിയില്‍ തിരികെ എത്തിച്ചുകൊണ്ട്, ചാവി പക്ഷെ ചിലത് പറയാതെ പറയുന്നുണ്ട്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിക്കുക വഴി നാല് കളികള്‍ ബാക്കി നില്‍ക്കെത്തന്നെ കിരീടം ഉറപ്പിക്കുകയാണ് ബാഴ്‌സ ചെയ്തിരിക്കുന്നത്. റയല്‍ മദ്രീഡിന്‍റെ മോശം പ്രകടനമാണ് ലാ ലീഗയില്‍ ബാഴ്‌സക്ക് ഗുണം ചെയ്തതെന്ന് കരുതുന്നവരുണ്ടെങ്കിലും, അവര്‍ പോലും ഈ ടീമിനുണ്ടായിരിക്കുന്ന പുരോഗതി കാണാതെ പോവില്ല. മുപ്പത്തിനാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നില്‍ക്കെ മറ്റൊരു അപൂര്‍വ നേട്ടത്തിനരികിലും കൂടി എത്തിയിട്ടുണ്ട് ബാഴ്‌സ. 38 കളികളുള്ള ഒരു ലീഗ് സീസണില്‍ എറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമെന്ന റെക്കോഡിന് തൊട്ടരികിലാണ് അവരിപ്പോഴുള്ളത്. ഒരു ലീഗ് സീസണില്‍ പതിനെട്ട് ഗോള്‍ മാത്രം വഴങ്ങിയ അത്‌ലറ്റിക്കോ ഡി മദ്രീഡിന്‍റേയും ഡിപോര്‍ട്ടിവേ ലാ കൊറൂണയുടേയും റോക്കോഡാണ് ബാഴ്‌സക്ക് മുന്നിലുള്ളത്. 34 കളികളില്‍ നിന്ന് ബാഴ്‌സ ഇതുവരെ 13 ഗോളുകളേ വഴങ്ങിയിട്ടുള്ളൂ. അത്രകണ്ട് പ്രസക്തമല്ലെങ്കില്‍ കൂടി ഈ റെക്കോഡിനെ കുറിച്ച് പ്രതിപാദിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സുസ്ഥിരമായ പ്രതിരോധ നിരയെ ചാവിയുടെ ബാഴ്‌സലോണ ടീമിന്‍റെ സവിശേഷതയായി പല ഫൂട്‌ബോള്‍ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടാറുണ്ട്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഒസ്മാന്‍ ഡെംബെലെയും റഫീഞ്ഞയും ചേരുന്ന മുന്നേറ്റ നിരയേക്കാള്‍ ബാഴ്‌സയുടെ പിന്‍നിരയിലാണ് ചാവി ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. എബിസി പ്രതിരോധം എന്ന വിളിപ്പേര് സമ്പാദിച്ചിട്ടുള്ള അറോഹോ (റോണള്‍ഡ്), ബാല്‍ദെ (അലഹാന്ദ്രോ), ക്രിസ്ത്യന്‍സന്‍ (ആന്ദ്രെയാസ്) ത്രയവും ജൂള്‍സ് കോന്‍ഡെയും ഒപ്പം പരിചയ സമ്പന്നനായ യോര്‍ദി ആല്‍ബയും അണിനിരക്കുന്ന പിന്‍നിരയാണ് ടെര്‍സ്റ്റീഗന്‍റെ ക്ലീന്‍ഷീറ്റുകള്‍ക്കു പിന്നിലെ ശക്തി ദുര്‍ഗ്ഗമെന്ന വസ്തുത ഓരോ കളി കഴിയും തോറും വെളിവാകുന്നുണ്ട്.
പ്രതിരോധമാണ് തങ്ങളുടെ ശക്തിയെന്നതില്‍ അഭിമാനിക്കുന്നവരാവില്ല ബാഴ്‌സാരാധകരാരും. കാരണം പന്തിന്മേലുള്ള ആധിപത്യത്താലും സംഘനൃത്തസമാനമായ ആക്രമണത്താലും പടുത്തുയര്‍ത്തിയിട്ടുള്ള ചരിത്രമാണ് ബാഴ്‌സലോണയുടെ ഫൂട്‌ബോളിനുള്ളത് എന്നതു തന്നെ.
ടിക്കിടാക്കയെന്ന ഓമനപ്പേരിനെ മറക്കുന്നവരാവില്ല അതിന്‍റെ ആരാധകരാരും.
ബാഴ്‌സ മുന്നോട്ടുവക്കുന്ന ഫൂട്‌ബോള്‍ സംഹിതക്ക് ഒരു സമകാലിക ചരിത്രമുണ്ട്, ഒരു പക്ഷെ, യൊഹാന്‍ ക്രുയ്ഫ് അയാക്‌സ് വിട്ട് ബാഴ്‌സലോണയിലെത്തുന്ന കാലത്തോളമെങ്കിലും അതിന് പഴക്കവും കാണും. എഴുപതുകളുടെ തുടക്കത്തിലാണ് കളിക്കാരനെന്ന നിലയില്‍ ക്രുയ്ഫ് ബാഴ്‌സയിലെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആംസ്റ്റര്‍ഡാമിലെ അയാക്‌സ് ക്ലബില്‍ ജനിച്ച് വളര്‍ന്ന ജൊഹാന്‍ ക്രുയ്ഫ് പങ്കാളിത്ത ഫുടേബോളിന്‍റെ സംസ്‌കാരവും കൊണ്ടാണ് കാറ്റലൂണിയയിലെത്തുന്നത്. രണ്ടു കോപ ദെല്‍ റേ കിരീടങ്ങള്‍ക്കൊപ്പം രണ്ടു തവണ ബലോണ്‍ ഡി ഓറും ബാഴ്‌സക്കാലത്ത് ക്രുയ്ഫ് സ്വന്തമാക്കിയിരുന്നു. അര്‍ജന്‍റീനക്ക് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസ തുല്യനായ സീസര്‍ മെനോറ്റിയും ഇക്കാലയളവില്‍ ബാഴ്‌സയുടെ മാനേജരായി എത്തിയിരുന്നു. ഫൂട്‌ബോളിലെ ഇടതുപക്ഷ സൈദ്ധാന്തിനെന്ന് അറിയപ്പെടുന്ന മെനോറ്റി പക്ഷെ ക്രുയ്ഫിന്‍റെ സമഗ്ര ഫൂട്‌ബോള്‍ ശൈലിയുടെ വിമര്‍ശകനായിരുന്നുവെന്നത് മറ്റൊര കാര്യം. 1982 ലെ ലോകകപ്പിനു ശേഷം മറഡോണയും ബാഴ്‌സയിലെത്തിയെങ്കിലും ശ്രദ്ധേയമായ എന്തെങ്കിലും സംഭാവനകള്‍ നല്‍കാന്‍ ‘ദൈവപുത്രന്’ കഴിയാതെ പോയി. താമസിയാതെ ദ്യേഗോ നപ്പോളിയുടെ സാന്താ മറഡോണയായി പോവുകയും ചെയ്തു. എന്നിരുന്നാലും ഡച്ചുകാരുടെ സൃഷ്ടിയായ ടോട്ടല്‍ ഫൂട്‌ബോളിനൊപ്പം അര്‍ജന്‍റീനയുടെ തനത് ഫൂട്‌ബോളായ ലാ നുസ്ത്രയേയും ബാഴ്‌സലോണയുടെ ഫൂട്‌ബോള്‍ സംഹിതയില്‍ കൂട്ടിച്ചേര്‍ക്കാന്‍ മെനോറ്റിക്കും മറഡോണക്കും കഴിഞ്ഞിരുന്നുവെന്ന് പില്‍ക്കാലത്ത് ഉരുവം കൊണ്ട ബാഴ്‌സ ശൈലിയെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ കാണാന്‍ കഴിയും.

ബാഴ്‌സലോണയുടെ സുവര്‍ണകാലം തുടങ്ങുന്നത് 1990 കളില്‍ മാനേജരെന്ന നിലയില്‍ ക്രുയ്ഫ് തിരിച്ചുവന്നതോടെയാണെന്ന് പറയാം. അതിനുമുമ്പുള്ള ഒരു പതിറ്റാണ്ടിലേറെക്കാലം യുവപ്രതിഭകളെ വളര്‍ത്തിയെടുക്കാനായി ക്ലബ് നടത്തിയ പരിശ്രമങ്ങളുടെ സദ്ഫലമാണ് ക്രുയ്ഫിന് ലഭിച്ചത്. കാറ്റലൂണിയയിലെ പഴയ ഒരു വിശാലമായ ഒരു കൃഷിയിടത്തിലെ കെട്ടിട സമുച്ചയത്തിലും മൈതാനുത്തുമായി തുടങ്ങിയ ലാമാസിയ എന്ന ഫൂട്‌ബോള്‍ അക്കാദമിയാണ് ബാഴ്‌സയുടെ പില്‍ക്കാല വിജയങ്ങളുടെ ഊര്‍ജ്ജസ്രോതസ്സായത്. കൃത്യസമയത്ത് യൊഹാന്‍ ക്രുയ്ഫ് എന്ന അതീവ ബുദ്ധിശാലിയായ പരിശീലകന്‍ അവിടെ എത്തിപ്പെട്ടുവെന്ന് മാത്രം.

പില്‍ക്കാലത്ത് പെപ്പ് എന്ന പേരില്‍ ഫൂട്‌ബോള്‍ ലോകം കീഴ്ടക്കിയ ജോസെപ് ഗ്വാര്‍ദിയോള സലാ ആയിരുന്നു, തൊണ്ണൂറുകളിലെ ലാമാസിയയിസല്‍ നിന്നിറങ്ങിയ ചെറുപ്പക്കാരില്‍ പ്രധാനി.
ആകെ ഒരു പന്താണ് ഉള്ളത്, അത് നമുക്കും അവര്‍ക്കും കൈക്കലാക്കാം. പന്ത് നമ്മുടെ് കാലിലാണെങ്കില്‍ അവര്‍ സ്‌കോര്‍ ചെയ്യില്ല, കിട്ടിയ പന്ത് നമ്മള്‍ നന്നായി ഉപയോഗിച്ചാല്‍ നല്ല മത്സരഫലത്തിനുള്ള സാധ്യത കൂടുതലാണ് – ഇതായിരുന്നു ക്രുയ്ഫിന്‍റെ തത്വസംഹിതയുടെ ആകെത്തുക. ചുരുക്കിപ്പറഞ്ഞാല്‍ പന്ത് പരമാവധി കൈവശം വച്ച് കളിക്കുക, അത്ര തന്നെ.

2000 നു ശേഷമാണ് മറ്റൊരു ഡച്ചുകാരനായ ഫ്രാങ്ക് റൈക്കാര്‍ഡ് പരിശീലക വേഷത്തില്‍ ബാഴ്‌സലോണയിലേക്ക് വരുന്നത്. നിശ്ചയദാര്‍ഢ്യത്തിന്‍റെ കാര്യത്തില്‍ റൈക്കാര്‍ഡിനോളം വരുന്ന മറ്റൊരു പരിശീലകനും ബാഴ്‌സലോണക്കുണ്ടായിരുന്നില്ലെന്ന് പറയാം. രണ്ട് ലാ ലീഗ കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗും നേടി എന്നതിലവസാനിക്കുന്നില്ല, ഫ്രാങ്കിന്‍റെ ബാഴ്‌സയിലെ ചരിത്രം. ഡേവിഡ് ബേക്കാമിനെ നഷ്ടപ്പെട്ടതിന് പകരമായി റൊണാള്‍ഡീഞ്ഞോയെ ടീമിലെത്തിക്കുന്നതും ലിയോ മെസ്സിയെ ആദ്യമായി കളത്തിലിറക്കുന്നതും മറ്റാരുമല്ല.
തിരിഞ്ഞു നോക്കുമ്പോള്‍ ബേക്കാമിനേക്കാള്‍ ബാഴ്‌സക്കിണങ്ങുന്ന കളിക്കാരന്‍ റൊണാള്‍ഡീഞ്ഞോ ഗൗച്ചോ തന്നെ ആയിരുന്നെന്ന് മനസ്സിലാകാത്ത ഒരാള്‍ പോലും കാണില്ല. മെസ്സിയാകട്ടെ പിന്നീട് ബാഴ്‌സലോണ ഫൂട്‌ബോളിന്‍റെ വിലാസമായി മാറുകയും ചെയ്തു. റൈക്കാര്‍ഡിന്‍റെ വിടവാങ്ങല്‍ അത്ര സുഖകരമായിട്ടല്ലായിരുന്നുവെങ്കിലും തന്‍റെ പിന്‍ഗാമിക്കു വേണ്ട ടീമിനെ വാര്‍ത്തു വച്ചിട്ടാണ് അയാള്‍ നടന്നു മറഞ്ഞത്.

ഇവിടേക്കാണ് 2008 ല്‍ പെപ് ഗ്വാര്‍ദിയോളയുടെ രംഗപ്രവേശം. ജൂനിയര്‍ ടീമിന്‍റെ പരിശീലകനെന്ന നിലയില്‍ തനിക്ക് കൈവെള്ളയിലെന്നവണ്ണം അറിയാവുന്ന ‘പിള്ളേരാ’യിരുന്നു പെപ്പിന്‍റെ ശക്തി; ചെറുപ്പത്തിന്‍റെ സാഹസികത വേറെയും. അന്നത്തെ ടീമിന്‍റെ മുഖങ്ങളായിരുന്ന റൊണാള്‍ഡീഞ്ഞോയേയും സാമുവല്‍ എറ്റൂവിനേയും മാറ്റി ചെറുപ്പക്കാരെ കളത്തിലിറക്കിയ പെപ്പിന് നിശിതമായ വിമര്‍ശമേല്‍ക്കേണ്ടി വന്നു. പക്ഷെ അന്ദ്രെ ഇനിയെസ്റ്റ, ചാവി ഹെര്‍ണാണ്ടസ് എന്നീ ചെറുപ്പക്കാരില്‍ അയാള്‍ക്കുണ്ടായിരുന്ന വിശ്വാസം അപാരമായിരുന്നു. ആ വിശ്വാസത്തില്‍ നിന്നാണ് ലിയൊണെല്‍ ആന്ദ്രെസ് മെസ്സി എന്ന ഇതിഹാസത്തിന്‍റെ പിറവിയും. 13 കിരീടങ്ങള്‍ ബാഴ്‌സക്ക് നേടിക്കൊടുത്ത പെപ്പ് ആ ടീമിനെ കൊണ്ടു പോയ ഉയരം അളന്നെടുക്കാനാവില്ല തന്നെ.

പരിശീലകനായിരുന്ന കാലത്ത് ക്രുയ്ഫിന് ഏറ്റവുമിഷ്ടം പദപ്രശ്‌നം പോലെ മൈതാനത്തെ കളിക്കാരുടെ വിന്യാസങ്ങളൊരുക്കാനും അവരുടെ നീക്കങ്ങളെ തന്ത്രപരമായി നിയന്ത്രിക്കാനുമായിരുന്നുവെന്ന് ബ്രിട്ടീഷ് എഴുത്തുകാരനായ ജോനതന്‍ വില്‍സന്‍ പറയുന്നുണ്ട്. ഇതാണ് പെപ് ഗ്വാര്‍ദിയോളയിലേക്ക് പകര്‍ന്നു കിട്ടിയതെന്നാണ് വില്‍സന്‍റെ നിരീക്ഷണം. പില്‍ക്കാലത്ത് പ്രശസ്തമായ പെപ്പിന്‍റെ പൊസിഷനല്‍ പ്ലേയുടെ തുടക്കവും ഇവിടെ നിന്നാണ്. മൈതാനത്തെ തന്ത്രപ്രധാനമായ ഇടങ്ങള്‍ കണ്ടെത്തി, അവിടെ ഒഴിവുകളുണ്ടാക്കി അതിനനുസൃതമായി നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്ന രീതിയാണിത്. ക്രുയ്ഫിന്‍റെ ടോട്ടല്‍ ഫൂട്‌ബോളിനൊപ്പം തന്നെ ലാ നുസ്ത്രയുടെ മെനോറ്റി വകഭേദവും ഇതില്‍ സമഞ്ജസമായി സമ്മേളിക്കുന്നത് കാണാവുന്നതാണ്. കളിക്കാരുടെ ചലനങ്ങളിലും കൂട്ടായ്മയിലും ഈന്നുന്ന ഈ രണ്ടു ശൈലിയും മനോഹരങ്ങളാണ്. ഇതിലേക്ക് മെസ്സിയെ പോലുള്ള ഒരു സമ്പൂര്‍ണ്ണനായ കളിക്കാരനെ സന്നിവേശിപ്പിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് പെപ് ഗ്വാര്‍ദിയോളയുടെ ബാഴ്‌സക്കാലത്തെ മറ്റേതിലും മികച്ചതാക്കുന്നത്.
2012 ല്‍ ബാഴ്‌സ വിടുമ്പോള്‍ മൂന്ന് ലാലീഗ കിരീടവും രണ്ട് ചാംപ്യന്‍സ് ലീഗ് ട്രോഫിയും ടീമിന് സമ്മാനിച്ചുവെന്നതിനപ്പുറം ഫൂട്‌ബോളിന്‍റെ അതിരുകളെ തന്നെ മാറ്റിവരച്ചുവെന്നതാണ് പെപ്പിനെ വ്യത്യസ്തനാക്കുന്നതെന്നാണ് ജോനതന്‍ വില്‍സന്‍റെ പക്ഷം. പെപ്പ് ത ഗുരുവായ ക്രുയ്ഫിന്‍റെ ആശയങ്ങള്‍ പുനര്‍നിര്‍വചിച്ച് ക്രിയാത്മകമായി ആവിഷ്‌കരിച്ചതെങ്ങനെയെന്ന് വിശദമായി പറയുന്നുണ്ട് വില്‍സന്‍, തന്‍റെ ദ ബാഴ്‌സലോണ ലെഗസി എന്ന പുസ്തകത്തില്‍.

പെപ്പിന്‍റെ കാലം തൊട്ടിങ്ങോട്ട് ബാഴ്‌സലോണയെന്നാല്‍ മെസ്സിയും മെസ്സിയെന്നാല്‍ ബാഴ്‌സയുമായിരുന്നല്ലോ- 2021 ല്‍ അയാള്‍ കണ്ണീരണിഞ്ഞ് പടിയിറങ്ങും വരെ. അതിനിടയില്‍ റ്റാറ്റ മാര്‍തീനോ, ലൂയി എന്റിക്വെ, ഏണെസ്‌റ്റോ വാല്‍വെര്‍ദെ, റോണള്‍ഡ് കൂമാന്‍ തുടങ്ങിയ മികച്ച പല പരിശീലകരും ബാഴ്‌സയിലൂടെ കടന്നു പോയി. കൂമാനൊഴികെ ബാക്കിയെല്ലാവരും ഏതാണ്ട് ബാഴ്‌സയുടെ ഫൂട്‌ബോള്‍ സംഹിതയോട് ചേര്‍ന്നു പോയവരുമാണ്. മെസ്സി, നെയ്മര്‍, സുവാരസ്സ് ത്രയം ലോകത്തേറ്റവും മികച്ച ആക്രമണാത്മക ഫൂട്‌ബോള്‍ പുറത്തെടുത്ത കാലത്ത് മാര്‍തീനോയും വാല്‍വെര്‍ദെയും എന്‍ റിക്വെയുമായിരുന്നു പരിശീലകര്‍.

ചാവിയും വാല്‍വെര്‍ദെയും പിന്നീട് നെയ്മറും ഇനിയെസ്റ്റയും വിടപറഞ്ഞതോടെയാണ് ബാഴ്‌സലോണയുടെ പുറകോട്ടടിയുടെ തുടക്കം. പിന്നീട് ലൂയി സുവാരസിനെ ചൊല്ലി കൂമാനും മെസ്സിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതോടെ അത് കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചു. ക്ലബിന്‍റെ സാമ്പത്തിക ഭദ്രതക്കുണ്ടായ ഉലച്ചില്‍ മെസ്സിയുടെ വിടവാങ്ങലില്‍ കലാശിക്കുകയും ചെയ്തു.

പെപ്പിന്‍റെ മറ്റൊരു ശിഷ്യനായ ചാവി പരിശീലകനായ തിര്‌ച്ചെത്തുമ്പോള്‍ അയാള്‍ക്കു മുന്നിലുണ്ടായിരുന്നത് ലീഗ് കിരീടം നഷ്ടപ്പെട്ട്, 2003 ന് ശേഷം ആദ്യമായി യൂറോപ്പയിലേക്ക് തരംതാഴ്ത്തപ്പെട്ട്, ആത്മവിശ്വാസം പാടെ തകര്‍ന്ന ഒരു ടീമാണ്. എന്നാല്‍ ചില ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ ചാവിക്ക് കഴിഞ്ഞു. മധ്യനിരയുടെ കടിഞ്ഞാണ്‍ ഗവി, പെദ്രി, ഡി യൊങ് എന്നിവരെ ഏല്‍പിക്കാനും ബുസ്‌കെറ്റ്‌സിനേയും ആല്‍ബയേയും പോലുള്ള മുതിര്‍ന്നവരെ സവിശേഷമായ ദൗത്യങ്ങളേല്‍പിക്കാനുമുള്ള തീരുമാനം അതിലൊന്നാണ്. പെദ്രിയും ഗവിയും കളിക്കാതിരുന്ന മത്സരങ്ങളില്‍ ഇത് തിരിച്ചടിയായി എന്നത് അതിന്‍റെ മറുവശമാണ്. യൂറോപ്പയില്‍ ടെന്‍ഹാഗിന്‍റെ മാന്‍ചെസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ കളി അതിനുദാഹരണമാണ്.

മെസ്സിക്കു ശേഷമുള്ള ബാഴ്‌സ മധ്യനിരയെ പുനരുജ്ജീവിപ്പിക്കാന്‍ ചാവി നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കുമൊടുവിലും, ബാഴ്‌സക്ക് ഇനിയും അവരുടെ പഴയ താളം കണ്ടെത്താനായിട്ടില്ല എന്ന് കരുതുന്നവരാണ് ഫുട്‌ബോള്‍ നിരീക്ഷകരിലേറെയും. പെദ്രിയും ഡിയൊങും ഒരു പരിധിവരെ മധ്യ നിരയില്‍ കളി കയ്യിലൊതുക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും, ഒഴുകുന്ന പുഴപോലുള്ള പഴയ ബാഴ്‌സ മുന്നേറ്റങ്ങളുടെ ഓര്‍മ്മയെങ്കിലും തിരിച്ചെത്തിക്കാന്‍ പര്യാപ്തമല്ല അവരുടെ കളി. ഗവി ആവട്ടെ, പലപ്പോഴും കളിക്കളത്തിലെ കായികപരതയിലും പൗരുഷ പ്രകടനങ്ങളിലും പെട്ടു പോവുകയും ചെയ്യുന്നു. മുന്‍ നിരയില്‍ റഫീഞ്ഞക്കും ലെവന്‍ഡോവ്‌സ്‌കിക്കും പന്ത് കിട്ടാതെ വരുന്നതും വിങ്ങര്‍മാരുടെ ക്രോസുകള്‍ അലക്ഷ്യമായിപ്പോവുന്നതും പതിവുകാഴ്ചയാവുന്നുണ്ട്. ഇത്തരം സ്ഥിരത കുറഞ്ഞ ഒരു സംഘത്തെ വച്ചാണ് ചാവി ലാ ലീഗയെങ്കിലും തിരിച്ചു പിടിച്ചതെന്നത് ആ നേട്ടത്തെ പതിന്മടങ്ങ് തിളക്കമുള്ളതാക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാവണം മെസ്സിയെ തിരിച്ചെത്തിക്കണെമെന്ന് ചാവി മാനേജുമെന്‍റിനോട് നിര്‍ബന്ധം പിഠിക്കുന്നതും. അന്‍സു ഫാത്തിയേയും റഫീഞ്ഞയേയും, ഒരു പക്ഷെ ഫ്രേങ്കി ഡിയൊങിനെ തന്നെയും വിറ്റാലും മെസ്സി തിരിച്ചെത്തുന്നതാവും ടീമിന് ഗുണം ചെയ്യുക എന്നു തന്നെയാണ് ചാവി കരുതുന്നത്.

റൈക്കാര്‍ഡില്‍ നിന്ന് ഗ്വാര്‍ദിയോള ടീം ഏറ്റെടുക്കുമ്പോള്‍ ചെറുപ്പം മുതലേ തനിക്കറിയാവുന്ന ലാ മാസിയയിലെ ‘കുട്ടികളാ’യിരുന്നു അയാളുടെ കരുത്ത്. അതേ സമയം ചാവിക്കാകട്ടെ നിലത്തു നിന്ന് പടുത്തുയര്‍ത്തി തുടങ്ങണം. ബുസ്‌കറ്റ്‌സും ആള്‍ബയും വിടപറയുന്നതോടെ ടീമിലേക്ക ലാ മാസിയയില്‍ നിന്നുള്ള കൂടുതല്‍ പേരെ കൊണ്ട് വന്ന് പരീക്ഷിക്കാനുള്ള അവസരം ചാവിക്കു മുന്നില്‍ തുറക്കുകയാണ്. നീകോ ഗോണ്‍സാല്‍വസും , എറിക് ഗാര്‍ഷ്യയും മുതല്‍ പതിനഞ്ചുകാരന്‍ ലമീന്‍ യമാലും വരെയുള്ളവര്‍ പ്രതീക്ഷ നല്‍കുന്നവര്‍ തന്നെയാണ്. ഇവര്‍ക്കിടയിലേക്ക് മെസ്സിയെ കൊണ്ടുവരാനായാല്‍ യുവാക്കളെ സംബന്ധിച്ചിടത്തോളം അത് ഒരു സുവര്‍ണാവസരമാകുമെന്ന് ചാവി കരുതുന്നുണ്ട്. ലോകകപ്പ് നേടിയ അര്‍ജന്‍റൈന്‍ ടീമിലെ യുവാക്കളില്‍ അയാളെ സംബന്ധിച്ചിടത്തോളം അതിനുള്ള സാക്ഷ്യങ്ങളുമുണ്ട്. വരും നാളുകളില്‍ ചാവിുടെ ഈ പദ്ധതി എങ്ങനെ മുന്നോട്ടു പോകും എന്നതിനെ ആശ്രയിച്ചിരിക്കും യൂറോപ്പിന്റെ നെറുകയിലേക്കുള്ള ബാഴ്‌സലോണയുടെ തിരിച്ചു വരവ്.

രാജീവ് രാമചന്ദ്രന്‍

(ഇംഗ്ലീഷിലെഴുതിയ ലേഖനത്തിന്‍റെ മലയാള പരിഭാഷയാണിത്)

The English version of this article can be found here

CATCH US ON: