ലിയൊണെല്‍ മെസ്സിയും അര്‍ജന്‍റീനയും ലോകകപ്പുയര്‍ത്തിയതിന്‍റെ ആരവം തെക്കനമേരിക്കയിലെങ്കിലും ഇനിയുമൊടുങ്ങിയിട്ടില്ല, അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ക്ലബ് ഫൂടിബോളിന്റെ അവധിക്കാലത്ത് പക്ഷെ യൂറോപ്പിലെ പ്രധാന ചര്‍ച്ചാവിഷയം അര്‍ജന്‍റീനയുടെ ലോകകപ്പ് വിജയമല്ല, മറിച്ച് പാരീസിലെ മെസ്സിയുടെ പരാജയമാണ്. പി എസ് ജിക്ക് യുവേഫ ചാംപ്യന്‍ഷിപ്പ് നേടിക്കൊടുക്കുക എന്ന ദൗത്യത്തില്‍ മെസ്സി എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യമുന്നയിക്കുന്നവരില്‍ ലോകത്തിലെ എണ്ണം പറഞ്ഞ ഫൂട്‌ബോള്‍ എഴുത്തുകാരിലൊരാളായ മൈക്കേല്‍ കോക്‌സ് വരെയുണ്ട്. ആ പ്രശ്‌നത്തിനുത്തരം തേടുന്നതിന് മുമ്പ് അത്തരമൊരു ചോദ്യം പ്രസക്തമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. 2021 ലെ സവിശേഷസാഹചര്യത്തില്‍ ബാഴ്‌സലോണ വിട്ട മെസ്സിയെ പി എസ് ജിയിലെത്തിച്ചത് നെയ്മര്‍ ജൂനിയറുമായുള്ള അയാളുടെ സൗഹൃദത്തിനുമപ്പുറം, പി എസ് ജി മാനേജുമെന്‍റിന്‍റെ വാണിജ്യ താല്‍പര്യങ്ങള്‍ തന്നെയാണെന്ന് വിലയിരുത്തുന്നതില്‍ തെറ്റുണ്ടാവില്ല. പി എസ് ജി ഉടമകളെ സംബന്ധിച്ചിടത്തോളം മെസ്സിയുമായുള്ള കരാര്‍ ഒരു കായിക പദ്ധതി എന്നതിലപ്പുറം ഒരു വാണിജ്യപദ്ധതിയോ രാഷ്ട്രീയപദ്ധതി തന്നെയോ ആയിരുന്നുവെന്ന് വേണം കരുതാന്‍. മുന്‍ ജര്‍മ്മന്‍ നായകന്‍ ഫിലിപ്പ് ലാഹ്‌മിനെ പോലുള്ളവര്‍ അത് കൃത്യമായി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
Read the English version: Why Lionel Messi is struggling to find his feet at PSG
പാരീസിന്‍റെ ചാംപ്യന്‍സ് ലീഗ് മെസ്സി പാരീസിലെത്തിയതിനുശേഷമുള്ള രണ്ട് സീസണുകളിലും പി എസ് ജി ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടറിനപ്പുറം കടന്നില്ലെന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം. 2021- 22, 2022-23 സീസണുകളില്‍ പി എസ് ജിയുടെ മത്സരങ്ങളില്‍ മെസ്സിയുടെ സ്വാധീനം എത്രമാത്രം പ്രതിഫലിച്ചുവെന്ന് പരിശോധിക്കുന്നത് കൗതുകകരമാവും. മെസ്സി പി എസ് ജിലെത്തുന്നതിന് തൊട്ടു മുമ്പത്തെ സീസണുകളില്‍ തോമസ് ടൂഹെലിന്‍റേയും മൗറീഷ്യോ പോച്ചെറ്റീനോയുടേയും കീഴില്‍ പി എസ് ജി, അവരുടെ യു സി എല്‍ ചരിത്രത്തിലെ മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു എന്നത് വസ്തുതയാണ്. 2019- 20 ല്‍ ഫൈനലിലും, 20- 21 ല്‍ സെമിഫൈനലിലുമാണ് പി എസ് ജി പുറത്താവുന്നത്. 2019 ല്‍ ഫ്രഞ്ച് ജര്‍മ്മന്‍ ടീമുകള്‍ മാത്രമാണ് ചാംപ്യന്‍സ് സെമി ഫൈനലിലെത്തിയിരുന്നത് എന്ന കാര്യവും വിസ്മരിക്കാനാവില്ല. ഫ്രാന്‍സില്‍ നിന്ന് പി എസ് ജിയും ലിയോണും, ജര്‍മ്മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ലീപ് സീഗും. ടീമെന്ന നിലയില്‍ ഒത്തിണങ്ങിക്കളിക്കാനുള്ള സാഹചര്യമില്ലാത്തതായിരുന്നു അത്തവണത്തെ ഇംഗ്ലീഷ്-സ്പാനിഷ് ക്ലബുകളുടെ നിരാശാജനകമായ പ്രകടനത്തിനു പിന്നിലെന്നാണ് ഫിലിപ് ലാം വിലയിരുത്തുന്നത്. മെസ്സിയുടെ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തോല്‍ക്കുന്നത് അത്തവണയാണ്. ഫൈനലില്‍ ബയേണിനോട് തോറ്റെങ്കിലും ചാംപ്യന്‍സ് ലീഗ് തങ്ങള്‍ക്കപ്രാപ്യമല്ലെന്ന ഉത്തമബോധ്യത്തിലായിരുന്നു പി എസ് ജി മാനേജുമെന്‍റ്. അതുകൊണ്ടു തന്നെയാണ് ഏറെക്കാലമായി ശ്രമിച്ചിട്ടും യാഥാര്‍ത്ഥ്യമാകാതിരുന്ന മെസ്സിയുടെ ട്രാന്‍സ്ഫര്‍ ഒരു അനുകൂല സാഹചര്യം വന്നപ്പോള്‍ എന്ത് വിലകൊടുത്തും നടത്തിയെടുക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങിയത്. കിലിയന്‍ എംബാപ്പെയും നെയ്മര്‍ ജൂനിയറും അങ്‌ഹേല്‍ ഡി മരിയയും മൗറോ ഇക്കാര്‍ഡിയുമടങ്ങുന്ന പാരീസ് മുന്‍നിരയിലേക്കാണ് 2021 ജൂലൈയില്‍ ലിയൊണെല്‍ മെസ്സി കൂടി എത്തുന്നത്. മെസ്സിക്കൊപ്പം സെര്‍ജിയോ റാമോസും അഷ്‌റഫ് ഹക്കീമിയും, ജോര്‍ജീന്യോ വൈനാള്‍ഡവും ജോന്‍ ലൂജി ഡോണാറുമ്മയും പി എസ് ജിയിലെത്തി. ലോകത്തേതേതൊരു ക്ലബിനും സ്വപ്‌നം മാത്രം കാണാവുന്ന മെസ്സി – നെയ്മര്‍- എംബാപ്പെ ആക്രമണത്രയത്തെ പി എസ് ജി നിസ്സാരമെന്ന വണ്ണം കൈവശപ്പെടുത്തി അവതരിപ്പിച്ചു. 2010 കളുടെ ആദ്യ പകുതിയില്‍ ബാഴ്‌സക്കുവേണ്ടി നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയ മെസ്സി – നെയ്മര്‍ – സുവാരസ് ത്രയത്തേക്കാള്‍ ഒരു പടി മുന്നിലായിരിക്കും പാരീസിന്‍റെ എം എന്‍ എം എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. എന്നാല്‍ രണ്ട് സീസണ്‍ കഴിഞ്ഞിട്ടും പി എസ് ജിക്ക് പ്രതീക്ഷയുടെ ഏഴയലത്തു പോലും എത്താനായില്ല. ആദ്യ സീസണില്‍ തന്റെ സ്വതസിദ്ധമായ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന മെസ്സിയെയാണ് പാരീസില്‍ കണ്ടത്. ബാഴ്‌സയില്‍ സഹകളിക്കാരോടെന്ന പോലെ പി എസ് ജിക്കാരുമായി ഒത്തിണക്കത്തോടെ കളിക്കാന്‍ മെസ്സിക്ക് കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കളത്തിലും പുറത്തും ഇത് പ്രകടമാവുകയും ചെയ്തു. നെയ്മറും, ഡി മരിയയും പരദെസും മാര്‍ക്വിഞ്ഞോസും, കെയ്‌ലര്‍ നവാസുമടങ്ങുന്ന, സ്പാനിഷ് സംസാരിക്കുന്ന തെക്കനമേരിക്കന്‍ കളിക്കാരോട് മാത്രമേ മെസ്സി ആശയവിനിമയം നടത്തുന്നുള്ളൂവെന്ന് കിംവദന്തിയായും വാര്‍ത്തയായും പ്രചരിക്കാന്‍ അധികനാളെടുത്തില്ല. നെയ്മറും എംബാപ്പെയും തമ്മില്‍ കളിക്കളത്തില്‍ വച്ചുടലെടുത്ത പശ്‌നങ്ങളും, മെസ്സിക്ക് നെയ്മറിനോടുള്ള അടുപ്പവും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലായി. മൗറീഷ്യോ പോചെറ്റീനോ മാറി ക്രിസ്റ്റഫ് ഗാല്‍റ്റിയെ വന്നിട്ടും കാര്യങ്ങളില്‍ വലിയ പുരോഗതി ഉണ്ടായില്ല. മുന്നേറ്റ നിരയിലെ അപരിചിതന് ആദ്യ സീസണിലെ കളികളെടുത്ത് പരിശോധിച്ചാല്‍ പോച്ചെറ്റിനോയുടെ വിന്യാസരീതിയും പാരീസ് കളിക്കാരുടെ ശൈലിയും മെസ്സിയുടെ പ്രതിഭയെ ഉപയോഗപ്പെടുത്താനാവും വിധമായിരുന്നില്ലെന്ന് എളുപ്പത്തില്‍ കാണാവുന്നതാണ്. ആദ്യ പതിനൊന്നു പേരില്‍ മെസ്സിയെ ഉള്‍പ്പെടുത്താനായി പോച്ചെറ്റിനോയ്ക്ക് തുടക്കത്തിലേ ഒഴിവാക്കേണ്ടി വന്നത് അങ്‌ഹേല്‍ ഡി മരിയയെ ആയിരുന്നു. മെസ്സിയും മരിയയും അകലക്കാഴ്ചയില്‍ സമാനശൈലിയില്‍ കളിക്കുന്നവരാണെന്ന് തോന്നാമെങ്കിലും സൂക്ഷ്മ വീക്ഷണത്തില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. വലതു പാര്‍ശ്വത്തിലെ ഇടംകാലന്മാര്‍ എന്നതൊഴിച്ചാല്‍ അര്‍ജന്‍റൈന്‍ ഫൂട്‌ബോളിന്‍റെ തനതുകലയായ ഗംബീത്തയുടെ പ്രയോഗരീതികളില്‍ പോലും തീര്‍ത്തും വ്യത്യസ്തരാണ് രണ്ടു പേരും. മരിയയേക്കാള്‍ പതിന്മടങ്ങ് ക്രിയാത്മകതയുള്ള മെസ്സിയിലേക്ക് പരമാവധി പന്തെത്തിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയാന്‍ പി എസ് ജി മധ്യനിരക്ക് കഴിയാതെ പോയതാണ് അവരുടെ ഏറ്റവും വലിയ പിഴവെന്ന് പറയാം. ഡി മരിയയുടെ ഒരു പകരക്കാരനെന്ന വിധത്തില്‍ മാത്രമേ അവര്‍ മെസ്സിയെ പരിഗണിച്ചുള്ളൂവെന്ന് ആ വിഡിയോകള്‍ ഒന്നുകൂടി കണ്ടു നോക്കിയാല്‍ പകല്‍പോലെ വ്യക്തമാകും.
ലൂക്കാ മോദ്രിച്ചിനേയോ കെവിന്‍ ഡിബ്രൂണെയെ പോലെയോ ടോണി ക്രൂസിനേയോ പോലെയോ ഉള്ള വലിയ ‘താര’ങ്ങളില്ലെങ്കിലും ഇന്നത്തെ നിലയില്‍ അര്‍ജന്‍റീന ദേശീയ ടീമിന്‍റെ മധ്യനിര മറ്റേത് ടീമിനോടും കിടപിടിക്കും വിധം സുഭദ്രമാണ്. അലക്‌സിസ് മക്അലിസ്റ്റര്‍, ജൊവാനി ലൊസെല്‍സോ, എന്‍സോ ഫെര്‍ണാണ്ടെസ്, ലിയാന്ദ്രോ പരദെസ്, റൊദ്രീഗോ ഡീപോള്‍ – ഈ യുവനിരയാണ് (ലൊസെല്‍സോ ഒഴികെ) ദോഹയില്‍ ലോകകപ്പുയര്‍ത്താന്‍ മെസ്സിക്ക് തുണയായതെന്ന് നിസ്സംശയം പറയാം. പ്രതിരോധ നിരയില്‍ റൊമേറോയുടേും ലിച്ച- ദിവു മാര്‍ട്ടിനെസ്സുമാരുടേയും പ്രകടനം ഇവിടെ പ്രതിപാദ്യവിഷയമല്ലാത്തതിനാല്‍ മാത്രം വിശദമായി വിലയിരുത്തുന്നില്ല. ആ ടീമിന് ലിയൊണെല്‍ ആന്ദ്രെസ് മെസ്സി ആരാണെന്നും, കളത്തില്‍ അയാളുടെ റോളെന്താണെന്നും അതിലുള്‍പ്പെട്ട ഓരോരുത്തര്‍ക്കും വ്യക്തമായി അറിയാം. അവരില്‍ നിന്ന് ഓരോ പന്തും മുന്നോട്ട് കടന്നു പോകുന്നത് മെസ്സി വഴിയാണെന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയാവില്ല. ക്രൊയേഷ്യക്കെതിരായ ഹൂലിയന്‍ അല്‍വാരിസിന്‍റെ ആദ്യ ഗോള്‍, ഫൈനലില്‍ ഡി മരിയ ഫിനിഷ് ചെയ്ത രണ്ടാം ഗോള്‍ എന്നിവ മതി ഈ പ്രസ്താവനയെ സാധൂകരിക്കാന്‍. മെസ്സിക്ക് സ്വന്തം ഹാഫിലേക്ക് ഇറങ്ങിവന്ന് പന്ത് തിരിച്ചെടുക്കേണ്ടുന്ന സാഹചര്യങ്ങള്‍ ഓരോ മാച്ചിലും പരമാവധി കുറക്കുക എന്നതായിരുന്നു, അവരുടെ പദ്ധതി തന്നെ. അതില്‍ വിജയം കണ്ട മത്സരങ്ങളിലെല്ലാം അര്‍ജന്‍റീന കളത്തില്‍ തികഞ്ഞ ആധികാരികത പുലര്‍ത്തി;അല്ലാത്ത കളികളില്‍ വിയര്‍ത്തു. ഈ പദ്ധതി വിജയിക്കാന്‍ അനിവാര്യമായും വേണ്ടത്, കൈ മെയ് മറന്ന് കളിക്കാന്‍ പ്രചോദനവും പ്രതിഭയുമുള്ള ഒരു സംഘം കളിക്കാരാണ്, പ്രത്യേകിച്ചും മധ്യനിരയില്‍. ഇതാണ് പി എസ് ജിക്ക് ഇല്ലാത്തതും. ക്‌സാവിയും ഇനിയെസ്റ്റയും പിന്നീട് റാക്കിറ്റിച്ചും ബുസ്‌കെറ്റ്‌സും അണിനിരന്ന മധ്യനിരയായിരുന്നു എം-എസ-എന്‍ സുവര്‍ണ്ണകാലത്തെ ബാഴസലോണയുടെ നട്ടെല്ല്. പി എസ് ജി മധ്യനിരയിലെ ഏറ്റവും പ്രതിഭയുള്ള കളിക്കാരനായ മാര്‍ക്കോ വെറാറ്റിയെ ഫിലിപ് ലാം വിലയിരുത്തുന്നത് ഇങ്ങനെയാണ്, ‘പിഎസ്ജിക്കായി കളിക്കുമ്പോള്‍ അയാള്‍ അവനവനെ വല്ലാതെ പെരുപ്പിച്ചു കാണുന്നു.പ്രതിരോധാത്മകമായി കളിക്കേണ്ട മധ്യനിരക്കാരന്‍ എന്ന തന്‍റെ റോള്‍ പലപ്പോഴും മറന്നുപോവുന്നു. ബയേണിനെതിരെ വഴങ്ങിയ രണ്ടു ഗോളും വെറാറ്റിയുടെ പിഴവില്‍ നിന്നാണ്- സത്യത്തില്‍ വെറാറ്റി ഇന്നത്തെ പി എസ് ജിയുടെ പ്രതീകമാണ്’. ലാമിന്‍റെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാല്‍ എവിടെയാണ് കളത്തില്‍ തന്‍റെ സ്ഥാനമെന്നറിയാത്ത കളിക്കാരുടെ കൂട്ടമാണ് പിഎസ്ജി എന്ന നിരീക്ഷണത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ല.
പ്രതിഭാധാരാളിത്തിന്‍റെ ബാധ്യത മെസ്സി – നെയ്മര്‍ – എംബാപ്പെ ത്രയം, അല്ലെങ്കില്‍ അവരെ പോലുള്ള മൂന്നു പേര്‍, കളിക്കുന്ന ഏത് ടീമിനും പന്ത് കൈവശമില്ലാത്തപ്പോള്‍ ഫലത്തില്‍ ഏഴുപേരുമായി പൊരുതേണ്ടി വരുന്ന അവസ്ഥയുണ്ടാവും. അതാവട്ടെ അവരുടെ പകുതി, എതിരാളികള്‍ക്കായി തുറന്നുകൊടുക്കുന്നതിന് തുല്യമാവുമാവുകയും ചെയ്യും. കഴിഞ്ഞ രണ്ടു സീസണായി പി എസ് ജി കളിക്കുന്ന എല്ലാ മത്സരങ്ങളിലും ഇത് പ്രകടവുമാണ്. അദ്ധ്വാനശേഷിയും സാങ്കേതികത്തികവുമുള്ള മധ്യനിരയില്ലാതെ മുന്നേറ്റത്തിലെ അതിശയത്രയത്തെ മാത്രം ആശ്രയിച്ച് കളി ജയിക്കാനാവില്ലെന്നതിന്‍റെ ഉത്തമ ഉദാഹരണമായി മാറുകയാണ് പാരീസാന്‍ ജേര്‍മ്മാന്‍. ഫ്രാന്‍സിനെതിരെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന നേടിയ പോലുള്ള ഒരു ഗോള്‍ നേടാന്‍ ഈ പി എസ് ജി ടീമിന് ഒരുകാലത്തും കഴിയുമെന്ന് കരുതേണ്ടതില്ലെന്ന് പറഞ്ഞാല്‍ ആ പ്രസ്താവനയിലുണ്ട് അവരുടെ വര്‍ത്തമാനം മുഴുവന്‍.