Navratilova-Evert friendship
x

ചിരവൈരിക്കും ആത്മമിത്രത്തിനുമിടയിലെ അതിശയകരമായ ദൂരമില്ലായ്മ


Martina Navratilova and Chris Evert are two legendary figures in the world of tennis whose rivalry and friendship have left an indelible mark on the sport. Their dynamic and compelling relationship both on and off the court has been extensively documented, and Sally Jenkins, a renowned sports journalist, has shed light on their unique bond in her brilliant Washington Post article ‘Bitter rivals, Beloved Friends, Survivors on the fiftieth year of their friendship’.

Read this article’s English version here

1985 ലാണ് മാര്‍ട്ടിന നവരത്തിലോവയുടെ ആത്മകഥ- Being Myself – പുറത്തിറങ്ങുന്നത്. അതിലൊരു അധ്യായം തന്‍റെ ചിരവൈരിയും പിന്നീട് ആത്മമിത്രവുമായിത്തീര്‍ന്ന ക്രിസ് എവര്‍ട്ടിനെ പറ്റിയാണ്. ക്രിസ് എന്ന് തലക്കെട്ടുള്ള ആ അധ്യായത്തിലേക്ക് കടക്കുന്നതിന് മുമ്പ് അതിലേക്ക് ഒന്നാന്തരമായി വഴിമരുന്നിടുകയും ചെയ്യുന്നുണ്ട് മാര്‍ട്ടിന. രണ്ടു കൊല്ലം മുമ്പ് ക്രിസ് എവര്‍ട്ട് പ്രസിദ്ധീകരിച്ച ആത്മകഥയില്‍ – Chrissie, My own story – ഇതുപോലെ മാര്‍ട്ടിനയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരേ കാലഘട്ടത്തെ രണ്ടു പേരുടേയും വ്യത്യസ്ത വീക്ഷണകോണിലൂടെ വായിക്കുന്നത് അതീവ കൌതുകകരമാണ്. രണ്ടു കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കപ്പെടുമ്പോഴും അതിലുള്‍ച്ചേര്‍ന്നിട്ടുള്ള വസ്തുതകള്‍ കടുകിട മാറുന്നില്ലെന്നതാണ് വായനക്കാരെ അത്ഭുതപ്പെടുത്തുക. കളിക്കളത്തോടും ജീവിതത്തോടും ഇരുവരും പുലര്‍ത്തിപ്പോന്നിരുന്ന അസാമാന്യമായ ആത്മാര്‍ത്ഥത പ്രതിഫലിക്കുന്നതാണ് ആത്മകഥകളില്‍ പരസ്പരം അവതരിപ്പിക്കുന്ന ഭാഗങ്ങള്‍.

കോര്‍ട്ടിലെ കൌമാരക്കാര്‍

‘1973 ആക്രൊണിലാണ് ഞാനും മാര്‍ട്ടിനയും തമ്മില്‍ ആദ്യമായി കളിക്കുന്നത്. 7-6, 6-3 എന്ന സ്കോറില്‍ ഞാന്‍ ജയിച്ചുവെങ്കിലും എന്നേക്കാള്‍ പ്രായം കുറഞ്ഞ എതിരാളിയുടെ കൂറ്റന്‍ ഇടംകൈ സെര്‍വുകള്‍ അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നെ കോര്‍ട്ടിന്‍റെ ഇരുമൂലകളിലേക്കും മാറിമാറി ഓടിക്കാന്‍ പോന്നതായിരുന്നു അവളുടെ വോളികള്‍. പക്ഷെ ആ സെര്‍വുകള്‍ക്കും വോളികള്‍ക്കുമുപരി എന്നെ ആകര്‍ഷിച്ചത് ആ കളിക്കാരി തന്നെയായിരുന്നു. ഏതാണ്ട് ഇരുപത് പൌണ്ടെങ്കിലും ഭാരക്കൂടുതലുണ്ടായിരുന്ന അവള്‍ കളിക്കിടെ സ്വയം പഴിക്കുന്നത് പതിവായിരുന്നു. തേങ്ങിയും കരഞ്ഞും നിരാശപ്പെട്ടും,ഒരു വികാരവും മറച്ചു വക്കാത്ത പ്രകൃതമായിരുന്നു മാര്‍ട്ടിനയുടേത്. അത് പക്ഷെ ഒരു നല്ല ഗുണമാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്- അവളെന്‍റെ സ്ഥിരം സിംഗ്ള്‍സ് എതിരാളിയും ഡബ്ള്‍സ് പങ്കാളിയും സുഹൃത്തുമായതിനുശേഷം’ എന്‍റെ സ്വന്തം കഥയില്‍ ക്രിസ്സി എഴുതി.

അതേസമയം പതിനാറാം വയസ്സില്‍ അമേരിക്കയിലേക്കുള്ള തന്‍റെ ആദ്യയാത്രയെ പറ്റിയുള്ള വിവരണത്തിനിടെ, അവിടെ നിന്ന് കണക്കില്ലാതെ കഴിച്ച ഭക്ഷണത്തിനൊപ്പമാണ് മാര്‍ട്ടിന ക്രിസ് എവെര്‍ട്ടിനെ അവതരിപ്പിക്കുന്നത്. രൂപലാണ്യം തൊട്ല്ലാടുതെറിച്ത്തചിട്ടില്ലാത്ത, കോലുപോലുള്ളവള്‍ എന്ന പഴി കേട്ടിരുന്ന തനിക്ക് മക്ഡൊണാള്‍ഡ്സ് പോലുള്ള ഭക്ഷണശാലകളോട് വല്ലാത്ത ആകര്‍ഷണമാണ് തോന്നിയതെന്ന് സമ്മതിക്കുന്നിടത്ത് തന്നെയാണ് ക്രിസ്മാ എവര്‍ട്ടുമായുള്ള ആദ്യത്തെ മത്സരത്തെ പറ്റി മാര്‍ട്ടിന പറയുന്നത്. ‘തടികൂടുന്നത് ശ്രദ്ധിക്കണമെന്ന ഉപദേശമൊന്നും ഞാന്‍ അന്നേരം ചെവിക്കൊണ്ടിരുന്നില്ല. അല്‍പം പുഷ്ടിവച്ചതോടെ എനിക്ക് അല്‍പംകൂടി സ്ത്രീത്വം കൈവന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങിയ സമയമായിരുന്നു അത്. അങ്ങനെ കണ്ടെതെല്ലാം തിന്നു നടക്കുന്നതിനിലാണ് ആക്രൊണിലെ കളി. കോലുപോലുള്ള ശരീരത്തില്‍ നിന്ന് മോചനം നേടിയെന്ന ആത്മവിസ്വാസത്തോടെ കളത്തിലിറങ്ങിയ എന്നെ കാത്ത് ഒന്നാം റൌണ്ടില്‍ തന്നെ അവളുണ്ടായിരുന്നു- അമേരിക്ക ഒന്നാകെ ഉറ്റുനോക്കിയിരുന്ന അന്നേ പ്രശസ്തയായ കളിക്കാരി. എന്നേക്കാള്‍ രണ്ടു വയസ്സ് കൂടുതലുള്ള അവളുടെ പേര് ക്രിസ്റ്റിന്‍ മേരി എവര്‍ട്ട് എന്നായിരുന്നു.

‘ഞാനാദ്യമായി അമേരിക്കയിലെത്തുമ്പോള്‍തന്നെ ക്രിസ് അവിടുത്തെ പ്രധാന കളിക്കാരില്‍ ഒരാളായിരുന്നു. പതിനഞ്ചാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച ക്രിസ് 1971 ലെ അമേരിക്കന്‍ ഓപ്പണിലും 72 ലെ വിംബ്ള്‍ഡനിലും സെമിഫൈനലിലെത്തിയതോടെ അമേരിക്കക്കാരുടെ പൊന്നോമനയായിക്കഴിഞ്ഞിരുന്നു. അവളുടെ ഇരുകൈയും ചേര്‍ത്തുള്ള ബാക്കഹാന്‍ഡ് ഷോട്ടുകള്‍ കാഴ്ചയില്‍ സൌമ്യമായി തോന്നുമെങ്കിലും എതിരാളിയുടെ ഹൃദയം പിളര്‍ക്കാനുള്ള ശേഷിയുള്ളവയായിരുന്നു. അപ്മാപോഴും എന്ര്‍നോടൊന്ട്ടീനും തോന്നനല്ലേ, മനപ്പൂര്‍വമല്ല എന്ന ഭാവമാവും അവയ്ക്ക്’.

അമ്പതാണ്ടിന്‍റെ സൌഹൃദം

അന്ന് ക്രിസിനോട് തോറ്റെങ്കിലും തൊട്ടടുത്ത കൊല്ലം മുതല്‍ തന്നെ അവര്‍ കളിക്കളത്തിലെ ഒത്ത എതിരാളികളായി മാറി. ഐസ്ക്രീമുകളില്‍ ചോക്കലേറ്റും വാനിലയും പോലെ അല്ലെങ്കില്‍ സംഗീതത്തില്‍ ജാസ്സും ക്ലാസ്സിക്കലും പോലെ വനിതാ ടെന്നീസിലെ കൊടുമുടികള്‍ കീഴടക്കാന്‍ മത്സരിച്ച, വിരുദ്ധ ശൈലിയും സ്വഭാവവുമുള്ള രണ്ടു പേര്‍ എന്നാണ് മാര്‍ട്ടിന അവരെക്കുറിച്ച് പറയുന്നത്. അവിശ്വസനീയമാം വിധം സത്യസന്ധയാണ് തന്‍റെ എതിരാളിയെന്ന് ക്രിസും നേരത്തെത്തന്നെ തന്‍റെ ആത്മകഥയില്‍ പറഞ്ഞു വച്ചിട്ടുമുണ്ടായിരുന്നു. ‘കളത്തില്‍ കാണിക്കുന്ന തരം ഹൃദയകാഠിന്യമുള്ളയാളല്ല മാര്‍ട്ടിന, സത്യത്തില്‍ നേരെമറിച്ചായിരുന്നു അവളുടെ സ്വഭാവം. അത് മനസ്സിലായപ്പോള്‍ താന്‍ അത്ഭുതപ്പെട്ടതായും ക്രിസ് പറയുന്നുണ്ട്.

അമ്പതാം വര്‍ഷത്തിലെത്തിയ ഇവരുടെ അപൂര്‍വ സൌഹൃദത്തെക്കുറിച്ചാണ് വിഖ്യാത സ്പോര്‍ട്സ് ജേണലിസ്റ്റായ സാലി ജെന്‍കിന്‍സ് വാഷിംഗ് ടണ്‍ പോസ്റ്റില്‍ സുദീര്‍ഘമായി എഴുതിയിട്ടുള്ളത്. ചെക്കോസ്ലോവാക്യയിലെ സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ ചെറുപ്പത്തിലേ രാഷ്ട്രീയ നിലപാടെടുത്ത, അവിശ്വാസിയും സ്വവര്‍ഗ്ഗാനുരാഗിയുമായി മാര്‍ട്ടിനയും, അച്ഛന്‍റെ കടുത്ത ശിക്ഷണത്തിന്‍ കീഴില്‍വളര്‍ന്ന, രാജ്യത്തിന്‍റെയാകെ സ്നേഹഭാജനവുമായ കത്തോലിക്കാ വിശ്വാസിയായ ക്രിസ് എവെര്‍ട്ടും തമ്മിലുള്ള സൌഹൃദത്തിന് ഒരു നാഴികച്ചിരട്ടയുടെ (Hour glass) രൂപമാണെന്നാണ് ജെന്‍കിന്‍സ് പറയുന്നത്. വിശാലമായി തുടങ്ങി പിന്നെ ചുരുങ്ങി ഇല്ലാതായി, അടുത്തഘട്ടത്തില്‍ വീണ്ടും വളര്‍ന്ന് വികസിച്ച അസാധാരണമായ ബന്ധം.

ഒരേ കഥയിലെ കഥാപാത്രങ്ങള്‍

കൌമാരത്തില്‍ പരിചയപ്പെട്ട്, ഡബ്ള്‍സ് പങ്കാളികളെന്ന നിലയില്‍ വളര്‍ന്ന സൌഹൃദം ഇടക്കാലത്ത് തീര്‍ത്തും ഇല്ലാതായതിനെ പറ്റി ഇരുവര്‍ക്കും പറയാനുള്ളത് ഒരേ കഥ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ഇതുതന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നതും. കളിക്കളത്തിലെ പോരാട്ട വീര്യവും അതിനു പുറത്തെ സൌഹൃദവും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ക്രിസ്സിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. ഡബ്ള്‍സില്‍ ഒന്നിച്ച് കളിക്കുന്ന അതേ ടൂര്‍ണമെന്‍റില്‍ തന്നെ സിംഗ്ള്‍സില് പരസ്പരം മത്സരിക്കുന്നത് ഒട്ടും പ്രായോഗികമായിരുന്നില്ലെന്ന് പിന്നീട് ക്രിസ് തുറന്നു പറഞ്ഞിട്ടുണ്ട്. അത് തന്‍റെ വ്യക്തിഗത പ്രകടനത്തെ വല്ലാതെ ബാധിച്ചുവെന്ന് അവര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഡബ്ള്‍സ് പങ്കാളിത്തം അവസാനിപ്പിക്കാനുള്ള ക്രിസിന്‍റെ തീരുമാനം അവര്‍ തമ്മിലുള്ള അകല്‍ച്ചക്കും കാരണമായി. 1976 ലാണ് മാര്‍ട്ടിന – ക്രിസ് എവര്‍ട്ട് സഖ്യം വിംബ്ള്‍ഡന്‍ ഡബ്ള്‍സ് കിരീടം നേടുന്നത്. പിന്നീട് വഴിപിരിഞ്ഞ ഇരുവരും വിഖ്യാതമായ ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലുള്‍പ്പെടെ പലതവണ ഏറ്റുമുട്ടി. നേടിയ കിരീടങ്ങളുടെ എണ്ണത്തില്‍ വരെ തുല്യത പുലര്‍ത്തിക്കൊണ്ടാണ് ഇറുവരും കളി നിര്‍ത്തിയത്. 1989 ല്‍ ക്രിസും 94 ല്‍ മാര്‍ടിനയും വിരമിക്കുമ്പോഴേക്കും അവരുടെ സൌഹൃദവും പുനസ്ഥാപിക്കപ്പെട്ടിരുന്നു.

കൈവിടാതെ കൂടെ നിന്നവള്‍

പ്രണയ ജീവിതത്തില്‍ താനേറ്റവും കടപ്പെട്ടിരിക്കുന്നത് മാര്‍ട്ടിനയോടാണെന്ന് പറയാന്‍ ഒരു കാലത്ത് നിത്യകാമുകീ പരിവേഷമുണ്ടായിരുന്ന ക്രിസ് എവര്‍ട്ടിന് ഒരു മടിയുമില്ലായിരുന്നു. സ്വവര്‍ഗ്ഗാനുരാഗം തുറന്നു പറഞ്ഞതോടെ കടുത്ത മാധ്യമങ്ങളില്‍ നിന്നും വിമര്‍ശകരില്‍ നിന്നും കടുത്ത ആക്രമണം നേരിട്ട മാര്‍ട്ടിനക്കൊപ്പം നില്‍ക്കാന്‍ ക്രിസ്സിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. എണ്‍പതുകളുടെ തുടക്കത്തില്‍, അവരുടെ പിണക്കകാലത്ത്, അടക്കവുമൊതുക്കവുമില്ലാത്തവളെന്ന് മാര്‍ട്ടിനയെ അപഹസിച്ചവരുടെ കൂട്ടത്തില്‍ ക്രിസിന്‍റെ സ്വന്തം ഏജന്‍റും ഉണ്ടായിരുന്നുവെന്നത് മറ്റൊരു വസ്തുത.

ജെന്‍കിന്‍സ് കണ്ട മാര്‍ട്ടിനയും ക്രിസ്സും

ഇവര്‍ തമ്മിലുള്ള അതിഗംഭീര മത്സരങ്ങളേക്കാള്‍ സാലി ജന്‍കിന്‍സിനെ ആകര്‍ഷിച്ചത് കളത്തിനുപുറത്തുള്ള അവരുടെ ബന്ധവും അതിലെ സങ്കീര്‍ണതകളുമാണ്. വിരമിച്ചതിനു ശേഷം ഇരുവരും അയല്‍വാസികളായതും കമന്‍റേറ്റര്‍മാരെന്ന നിലയില്‍ വീണ്ടും കോര്‍ട്ടിലെത്തിയതും ഒടുവില്‍ യാദൃച്ഛികതയുടെ അങ്ങേയറ്റമെന്ന വണ്ണം ഇരുവര്‍ക്കും ഏതാണ്ട് അടുത്തടുത്ത കാലത്ത് കാന്‍സര്‍ സ്ഥിരീകരിക്കുന്നതുമെല്ലാം ഇരുവരും സാലി ജെന്‍കിന്‍സുമായി പങ്കുവക്കുന്നുണ്ട് . ലാന്‍സ് ആംസ്ട്രോങ്ങിന്‍റെ ജീവിതകഥയിലൂടെ ലോകശ്രദ്ധനേടിയ സാലി ജെന്‍കിന്‍സ് അതിനെ സമീപിക്കുന്ന രീതിയും സവിശേഷ പരിഗണന അര്‍ഹിക്കുന്നുണ്ട്. എഴുത്തില്‍ പറയുന്ന എല്ലാ കളികളും ജെന്‍കിന്‍സ് നേരില്‍ കണ്ടിട്ടുണ്ടെന്നതാണ് മറ്റൊരു കൌതുകം.

കാന്‍സറിനെതിരായ ഡബ്ള്‍സ് മാച്ച്

കാന്‍സര്‍ സ്ഥിരീകരിച്ച വിവരം താനാദ്യം അറിയിക്കുന്നത് മാര്‍ട്ടിനയെയാണെന്ന് ക്രിസ് പറയുമ്പോള്‍ ജെന്‍കിന്‍സിന് അത്ഭുതമാണ്.

‘പ്രഫഷണല്‍ ജീവിതത്തില്‍ തന്നെ ഏറ്റവും ആഴത്തില്‍ മുറിവേല്‍പിച്ചയാളോട്, കളിക്കളത്തിലെ അവരുടെ ശരീരഭാഷ കണ്ടാല്‍ ചോരതിളക്കുമായിരുന്നുവെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുള്ള അതേ ആളോട് – അവരോടാണ് തനിക്ക് കാന്‍സറാണെന്ന് ക്രിസ് ആദ്യമായി പറയുന്നത്, ജെന്‍കിന്‍സിന്‍റെ ഈ അത്ഭുതത്തില്‍നിന്നാണ്, ഒരു പക്ഷെ കായികമേഖലയില്‍ അടുത്തകാലത്തുണ്ടായിതിലേറ്റവും മികച്ചതെന്ന് നിസ്സംശയം പറയാവുന്ന ഈ ദീര്‍ഘലേഖനം ഉടലെടുക്കുന്നത്. ക്രിസ്സിന്‍റെ കാന്‍സര്‍ വാര്‍ത്ത വൈകാരികമായി മാര്‍ട്ടിനയെ നന്നായി ബാധിച്ചു. അറുപതാം പിറന്നാളിന് ക്രിസ് സമ്മാനിച്ച മൂന്ന് വളയങ്ങളുള്ള സ്വര്‍ണ്ണമാല എടുത്ത് കഴുത്തിലണിയാനാണ് അതു കേട്ടപ്പോള്‍ തോന്നിയതെന്ന് മാര്‍ട്ടിന. പിന്നീട് അതഴിച്ചു വക്കേണ്ടിവന്നത്, തനിക്കും കാന്‍സര്‍ കണ്ടെത്തി, റേഡിയേഷന് പോകേണ്ടി വന്നപ്പോഴാണെന്നത് വല്ലാത്തൊരു യാദൃച്ഛികതയായി.

മാര്‍ട്ടിനയുടെ ജീവിതരാഷ്ട്രീയം

ഇത്രയൊന്നും പക്വതയില്ലാത്ത കാലത്ത് എഴുതിയ ആത്മകഥകളിലും ഇപ്പോഴത്തെ സംഭാഷണത്തിലും തെളിയുന്ന ഒരു വസ്തുതയുണ്ട്. മാര്‍ട്ടിനയുടെ രാഷ്ട്രീയബോധവും ‘സഖാത്വ’വുമാണ് ഈ കൂട്ടുകെട്ടിന്‍റെ അടിത്തറ.

സൌഹൃദം ആദ്യമെല്ലാം വളരെ എളുപ്പമായിരുന്നു. കാരണം കളിയിലെല്ലാം വിജയം ക്രിസിനായിരുന്നു. പരസ്പരം കളിച്ച ആദ്യത്തെ ഇരുപതു കളികളില്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലടക്കം ക്രിസിനായിരുന്നു വിജയം. ഉയരെ നിന്ന് നോക്കുന്നത് സുഖമുള്ള കാര്യമായിരുന്നുവെന്ന് ആത്മകഥയില്‍ ക്രിസ് എവര്‍ട്ട് സമ്മതിക്കുന്നുമുണ്ട്. അക്കാലത്താണ് ക്രിസ് മാര്ർട്ടിനയെ ഡബ്ള്‍സ് പങ്കാളിയാകാന്‍ ക്ഷണിക്കുന്നത്. പക്ഷെ പോകെപ്പോകെ മാര്‍ട്ടിന വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് മുന്നേറാന്‍ തുടങ്ങിയതോടെ കൂട്ട് പിരിയാന്‍ ക്രിസ് തന്നെ തീരുമാനിക്കുകയായിരുന്നു. താന്‍ വഞ്ചിക്കപ്പെടുന്നുവെന്ന തോന്നലിലാണ് മാർട്ടിന കൂട്ടുകാരിയുമായി അകലുന്നത്. തനിക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുള്ളവരുമായി മാത്രമേ അന്ന് ക്രിസിന് കൂട്ടു കൂടാന്‍ സാധിക്കുമായിരുന്നുള്ളൂവെന്ന് വിലയിരുത്തുന്നുമുണ്ട് മാര്‍ട്ടിന. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇതെല്ലാം ഒപ്പമിരുന്ന് തുറന്നു പറയാനാവുന്നു എന്നതാണ് അവരുടെ സൌഹൃദത്തെ സവിശേഷമാക്കുന്നത്. ഇഥുതന്നെയാവണം സാലി ജെന്‍കിന്സിനെ ആകര്‍ഷിച്ചതും.

ആത്മകഥകള്‍ക്കുശേഷം ജീവിതം

എണ്‍പതുകളുടെ പകുതി പിന്നിടുന്നതോടെ ഇരുവരും പിണക്കം മാറി തിരിച്ചുവന്നിരുന്നു, ആത്മകഥകള്‍ക്ക് ശേഷമുള്ള ഇക്കാലയളവിലാണ് മാര്‍ട്ടിന ആദ്യമായി ചെക്കോസ്ലോവാക്യയിലേക്ക് തിരികെ പോകുന്നത്, ഫെഡറേഷന്‍ കപ്പ് ടീമിന്‍റെ ഭാഗമായി. മാതൃരാജ്യത്തുനിന്നുള്ള പലായനത്തിന് ശേഷം ആദ്യമായി തിരിച്ചു പോകുമ്പോള്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതില്‍ ആശങ്കാകുലയായിരുന്നു മാര്‍ട്ടിന. പരുക്കേറ്റ് വിശ്രമത്തിലായിരുന്നെങ്കിലും ക്രിസ് ടീമിനൊപ്പം ചേര്‍ന്നത് കൂട്ടുകാരിക്ക് വേണ്ടിയായിരുന്നു. അന്ന് പ്രാഗിലെ കാണികള്‍ മാര്‍ട്ടിനയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാദരിച്ചപ്പോഴുണ്ടായ രോമാഞ്ചത്തെ കുറിച്ച് ക്രിസ് പറയുന്നുണ്ട്. തന്‍റെ അവസാനത്തെ വിംബ്ള്‍ഡന്‍ ക്വാര്‍ട്ടറില്‍ ക്രിസ്, എണ്‍പത്തിയേഴാം റാങ്കുകാരി ലോറ ഗൊലാര്‍സയോട് തോല്‍ക്കുമെന്നായപ്പോള്‍ സ്റ്റാന്‍ഡില്‍ കമോണ്‍ ക്രിസ്സീ എന്ന് ആര്‍ത്തുവിളിച്ചിരുന്ന മാര്‍ട്ടിനയും അതുപോലെത്തന്നെ മറക്കാനാവാത്ത ഒരു ചിത്രമായിരുന്നു.

ജോണ്‍ ലോയ് ഡുമായുള്ള വിവാഹമോചനത്തിനു ശേഷം വിഷാദത്തിലേക്ക് വീണ ക്രിസിനെ ആസ്പിനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്, മാര്‍ട്ടിന. അവിടുത്തെ ക്രിസ്മസ് സ്കീയിംഗ് പാര്‍ട്ടിയില്‍ വച്ചാണ് ക്രിസ് പിന്നീട് അവരുടെ ജീവിത പങ്കാളിയായിമാറിയ ആന്‍ഡി മില്ലിനെ പരിചയപ്പെടുന്നത്. പിറ്റേയാഴ്ച മാര്‍ട്ടിന ഓസ്ട്രേലിയന്‍ ഓപ്പണിന് പോയപ്പോള്‍ ക്രിസ് മില്ലിനൊപ്പം മാര്‍ട്ടിനയുടെ വീട്ടില്‍ തന്നെ തങ്ങി. ‘കര്‍ത്താവേ ഞാന്‍ മാര്‍ട്ടിന നവരത്തിലോവയുടെ കിടപ്പറയില്‍ ക്രിസ് എവര്‍ട്ടിനൊപ്പം കഴിയുകയാണല്ലോ’ എന്നത്ഭുതപ്പെടുന്ന ആന്‍ഡി മില്ലിനെ കുറിച്ച് ക്രിസ് പറയുന്നതാണ് ഒരു പക്ഷെ ജെന്‍കിന്‍സിന്‍റെ ദീര്‍ഘലേഖനത്തിലെ ഏറ്റവും ജീവസ്സുറ്റ ഭാഗം.

അമേരിക്കന്‍ ഓപ്പണ്‍ വേദിയില്‍ ആര്‍തര്‍ ആഷെയുടെ വെങ്കലപ്രതിമയുണ്ട്, വിംബ്ള്‍ഡനില്‍ ഫ്രെഡ് പെറിയുടേതും, ഓസ്ട്രേലിയന്‍ ഓപ്പണിന് റോഡ് ലേവറും ഫ്രഞ്ച് ഓപ്പണിന് റഫാല്‍ നദാലും പ്രതിഷ്ഠകളായുണ്ട് – പക്ഷെ വനിതാ ടെന്നീസിനെ ഏറ്റവും പ്രചോദിപ്പിച്ചിട്ടുള്ള ഈ രണ്ടു സ്ത്രീകള്‍ എവിടേയും പ്രതിഷ്ഠിക്കപ്പെട്ടില്ല. അവരുടെ ഓര്‍മ്മക്ക് വെങ്കലരൂപങ്ങള്‍ ആവശ്യമില്ല, കാരണം അവര്‍ക്ക് അവരുണ്ടല്ലോ എന്നാണ് സാലി ജെന്‍കിന്‍സ് ലേഖനമസാനിപ്പിക്കുന്നത് – ആ വരികളിലുണ്ട് എഴുത്തിന്‍റെ സത്ത.

Read More
Next Story